ഇതൊരു കൂട്ടം മനുഷ്യരുടെ
കഥയാണ് . ഇത് നടക്കുന്നത് അല്ലെങ്കില്‍ നടന്നത് ഞാന്‍ സൃഷ്ടിച്ച എന്റെ
സാങ്കല്പിക ദേശത്താണ് . ഈ കഥയ്ക്ക് ഒരു അടിസ്ഥാനമില്ലെന്നു നിങ്ങളില്‍ ചിലര്‍ക്ക്
തോന്നാം . പക്ഷെ എന്റെ അഭിപ്രായത്തില്‍ ചായം പൂശിയ യാഥാര്‍ത്ഥ്യങ്ങളാണ് സങ്കല്‍പ്പങ്ങള്‍
. അതുകൊണ്ടുതന്നെ ഈ കഥയിലും ഒരു യാഥാര്‍ത്ഥ്യമുണ്ട് .
ഒരിടത്ത് ഒരു ദേശം
ഉണ്ടായിരുന്നു അവിടെ ഒരു അപ്രക്യാപിത നിയമവും ഉണ്ടായിരുന്നു . ആ ദേശത്തില്‍
വൃദ്ധരായവര്ക്കല്ലാതെ മുകളില്‍ ആകാശത്തേക്ക് നോക്കിയിരുന്നില്ല . അവിടെയുള്ളവര്‍
വിശ്വസിച്ചിരുന്നത് മതിയായ പരിജ്ഞാനം ഇല്ലാതെ ആകാശത്തേക്ക് നോക്കുന്നവര്‍ സ്ഥലകാല
ബോധം ഇല്ലാതെ അലഞ്ഞു നടക്കും എന്നാണ് . അതുകൊണ്ടുതന്നെ ആരും ആ സാഹസത്തിനു മുതിര്‍ന്നില്ലെന്നു
മാത്രമല്ല പ്രിയപ്പെട്ടവരെ അതില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു . അവിടെയുള്ളവര്‍
എല്ലാവരും അവരവരുടെ ദിനചര്യകളില്‍ മുഴുകികൊണ്ടിരുന്നു മറ്റൊന്നിനെകുറിച്ചും
ആലോചിക്കുകപോലും ചെയ്യാതെ . ഒരിക്കല്‍ ഒരു കുട്ടി തന്റെ മുത്തച്ഛന് ആകാശത്തിലേക്ക്
നോക്കുന്നത് കണ്ടിട്ട് ആകാംഷ സഹിക്കവയ്യാതെ ചോദിച്ചു അവിടെ എന്താണ് മുത്തച്ഛന്
കാണുന്നതെന്ന് . മുത്തച്ഛന് ആ കുട്ടിയോട് പറഞ്ഞു ‘ നീ ഈ ലോകത്തില്‍ ഏറ്റവും
കൂടുതല്‍ ആഗ്രഹിക്കുന്നതെന്തോ അത് നിനക്ക് അവിടെ കാണാം ‘ . ഇതുകേട്ട് വിസ്മയഭരിതനായ
കുട്ടി തല ഉയര്‍ത്തിയാലോ എന്ന് ഒരുനിമിഷം ആലോചിച്ചു . പക്ഷേ ആ ആലോചന പൂര്‍ത്തിയാക്കുന്നതിനു
മുന്‍പ് മുത്തച്ഛന് പറഞ്ഞു ‘ ഈ പ്രായത്തില്‍ നീ ഇതിനു തുനിഞ്ഞാല്‍ അറിഞ്ഞുകൊണ്ട്
ആപത്ത് വിളിച്ചുവരുത്തുന്നതിനു തുല്യം ആണെന്നു ‘ . ആകെ നിരാശനായ കുട്ടി വീട്ടില്‍
നിന്ന് കളിക്കാനായി പുറത്തേക്കോടി . മൈതാനത്തേക്ക് നടക്കവേ അവന് പെട്ടന്നൊരു ആശയം
തോന്നി . പെട്ടന്ന് അവന് ആരും പോകാത്ത ഒരു കാട്ടുപ്രദേശത്തേക്ക് പാഞ്ഞു . അവിടെ മരങ്ങള്‍
കുറവുള്ള ഒരു സ്ഥലത്ത് നിന്ന് അവന് മുകളിലേക്ക് നോക്കി . ആകാശത്തേക്ക് . ഇളം നീല
നിറമുള്ള ആകാശം കണ്ട അവന് തുള്ളിച്ചാടി . അവന് അവന്റെ ഉള്ളില്‍ ഉറങ്ങികിടന്ന ഏതോ
ഒരു കോണില്‍ പ്രകാശം നിറയുന്നത് അവനു അറിയാന്‍ സാധിച്ചു . വളരെ സന്തോഷത്തോടെയാണ്
അന്നു വൈകിട്ട് അവന് വീട്ടിലേക്ക് തിരിച്ചുപോയത് . അന്നുരാത്രി അവന്റെ മനസ്സില്‍ ചിന്തകളുടെ കുത്തൊഴുക്കായിരുന്നു . അവന്റെ
ഏറ്റവും വലിയ ആലോചന എങ്ങനെ അവന് കണ്ട കാഴ്ച കുറച്ചുകൂടി അടുത്ത്
കാണുമെന്നായിരുന്നു . ആലോചനകള്‍ക്കൊടുവില്‍ അവനൊരുപായം കണ്ടുപിടിച്ചു . ഗ്രാമത്തിനു
പുറത്ത് കുറച്ചു നീങ്ങി ഒരു ചെറിയ കുന്നുണ്ട് . ആ കുന്നിന്മുകളില് പോയാല്‍
ഒന്നുകൂടി അടുത്ത് കാണാം എന്ന് അവനു തോന്നി . അങ്ങനെ പിറ്റേന്ന് കളിക്കാനെന്ന
വ്യാജേന അവന് വീടിനു പുറത്തേക്ക് ഇറങ്ങി . അവന് ലക്ഷ്യസ്ഥാനം മനസ്സില്‍ കണ്ട്
നടന്നു . അതികം വൈകാതെ തന്നെ അവന് അവിടെ എത്തിച്ചേര്‍ന്നു . ആ കുന്നിലെ പുല്‍ത്തകിടിയില്‍
അവന് നിവര്‍ന്നു കിടന്നു . ആകാശത്തെ കാഴ്ചകള്‍ അവനു അവിസ്മരനീയമായിരുന്നു .
ഏറെനേരം അവിടെ ചിലവഴിച്ചശേഷം അവന് വീടിലേക്ക് തിരികെപോയി . അവന് ആകാശനിരീക്ഷണം
ഒരു ദിനചര്യയാക്കി . അവന്റെ വീട്ടിലുള്ളവര്‍ക്ക് അവന്റെ സ്വഭാവത്തിലെ മാറ്റങ്ങള്‍
സംശയം സൃഷ്ടിച്ചു . അവന്റെ കൂട്ടുകാര്‍ക്ക് അവന്റെ അഭാവം അത്ഭുതമായിരുന്നു .
ഒരുദിവസം അവന് പതിവുപോലെ വീട്ടില്‍ നിന്നിറങ്ങി . അവന്റെ മാറ്റം മനസിലാക്കിയ
അവന്റെ അമ്മ അവനെ പിന്തുടര്ന്നു . അവന്റെ പ്രവര്‍ത്തി കണ്ട് അവന്റെ അമ്മ
നടുങ്ങി പോയി . അവര്‍ അപ്പോള്‍ തന്നെ മകനെപിടിച്ചു വിലക്കി . പക്ഷേ കുട്ടി പറഞ്ഞ
മറുപടി അമ്മയെ ഞെട്ടിച്ചുകളഞ്ഞു . അവന് ഇങ്ങനെ പറഞ്ഞു ‘ നാം സൗന്ദര്യത്തെപ്പറ്റി
ബോധവാന്മാരകുന്നത് ഭൂമിയെക്കാണുപ്പോഴാണ് . പക്ഷെ സ്വപ്നം കാണാന്‍ പഠിക്കണമെങ്കില്‍
ആകാശത്തിലെ കാഴ്ചകള്‍ കാണണം ‘ . കുട്ടിയുടെ ഉത്തരം കേട്ട അമ്മ സ്തബ്ധയായി . അവനെ
വീട്ടിലേക്ക് അപ്പോള്‍ തന്നെ അമ്മ വിളിച്ചുകൊണ്ടുപോന്നു . അന്നുരാത്രി അമ്മയ്ക്കും
ഉറക്കം നഷ്ടപ്പെട്ടു . ഭാര്യയുടെ സ്വഭാവത്തിലെ വ്യത്യാസം മനസിലാക്കിയ ഭര്‍ത്താവ്
കാരണം തിരക്കി . ഭാര്യ എല്ലാം തുറന്നുപറഞ്ഞു . ഇതെല്ലാം കേട്ട അയ്യാള് അപ്പോള്‍ത്തന്നെ
മകനെ വിളിച്ചുണര്‍ത്തി കാര്യം തിരക്കി .
അവന് നല്കിയ ആകാശത്തിന്റെ വിവരണം അവരുടെ ഉള്ളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണര്‍ത്തി
. രാത്രിയിലെ വീട്ടിലെ ബഹളം കേട്ട മുത്തച്ഛന് അവര്‍ സംസാരിക്കുന്ന ഇടത്തേക്ക്
വന്നു . സംസാരം കേട്ട മുത്തച്ഛന് പറഞ്ഞു ‘ കുട്ടി നീ പറഞ്ഞതൊക്കെ ശരിയാണ് .
എനിക്ക് കുറച്ചുകൂടി ആരോഗ്യം ഉണ്ടായിരുന്ന സമയത്താണ് എനിക്ക് സ്വപ്നങ്ങളെല്ലാം
കാണാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഞാന്‍ ശ്രമിച്ചേനെ ‘ . പിറ്റേന്ന് പകല്‍ ആ
കുടുംബം ഈ കാര്യങ്ങള്‍ എല്ലാം തന്നെ ഗ്രാമീണരോട് തുറന്നുപറഞ്ഞു . ഇത് ആ
കുടുംബത്തിനു മാത്രം അല്ല ആ ഗ്രാമത്തിനു തന്നെ പുതിയൊരു മാറ്റത്തിന് തന്നെ തുടക്കം
കുറിച്ചു . ചിലര്‍ ആ കുടുംബത്തെ അംഗീകരിച്ചു . മറ്റുചിലര്‍ ഇതിനെതിരെ മുഖം
തിരിച്ചു .
ഈ കഥയില്‍ രണ്ടു - മൂന്നു
കാര്യങ്ങള്‍ ഞാന്‍ ഉള്കൊള്ളിക്കാന് ശ്രമിച്ചിട്ടുണ്ട് . ഒന്ന് , നമുക്കെല്ലാവര്‍ക്കും സ്വപ്നം കാണാന്‍
സ്വാതന്ത്ര്യം ഉണ്ട് . ഒരു വിശ്വാസങ്ങള്‍ക്കും അതിനെതിരെ പറയാന്‍ ആകില്ല . രണ്ട് ,
കുടുംബം നമ്മുടെ ഒപ്പം ഉണ്ടെങ്കില്‍ നമുക്ക് അസാധ്യമായത് ഒന്നും ഇല്ല . ആ കുട്ടി
പറഞ്ഞത് വിശ്വസിക്കാന്‍ ആ കുടുംബം തയ്യാറായില്ലെങ്കില്‍ അവനെയും മറ്റുള്ളവര്‍
ഭ്രാന്തരുടെ കൂട്ടത്തില്പെടുത്തിയേനെ , പക്ഷെ അവന്റെ ഒപ്പം അവന്റെ കുടുംബം
ഉണ്ടായിരുന്നു . അതായിരുന്നു അവന്റെ ശക്തി . മൂന്ന് , എപ്പോഴും നല്ല മാറ്റങ്ങളെ
ഉള്‍കൊള്ളാനുള്ള നല്ല മനസ് എപ്പോഴും ഒരു മുതല്‍ക്കൂട്ടാവും .