അദ്ധ്യായം 1
ആയിരത്തിഎഴുന്നൂറുകളുടെ തുടക്കം. അമാനുഷിക ശക്തികള്‍ കൈവശം ഉണ്ടെന്നുള്ള സംശയത്തിന്‍റെ നിഴലില്‍ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളെ വിചാരണ ചെയ്ത് ശിക്ഷിച്ചിരുന്നത് ചരിത്രത്തിന്‍റെ ഭാഗമായിരുന്ന കാലം.
പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഒരു ചെറിയ ഗ്രാമം.
പ്രകൃതി മുഴുവനും നിദ്രയിലേക്കാണ്ട് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന സമയം. ജീവജാലങ്ങള്‍ മുഴുവനും അവരുടെ വീടുകളിലേക്ക് തിരികെപോകുന്നു. ഗ്രാമത്തില്‍ നിന്നുമാറി താമസിക്കുന്ന രണ്ടു സഹോദരിമാരുടെ ഗൃഹത്തിന് മുന്നില്‍ ഗ്രാമത്തലവനും ഒരുപറ്റം നാട്ടുകാരും വന്നുനില്‍ക്കുന്നു. അന്തരീക്ഷം അവരുടെയെല്ലാം മുഖം പോലെതന്നെ കനത്തുനില്‍ക്കുന്നു. കാറ്റിനുപോലും ഒന്നുവീശാന്‍ ആരോടൊക്കെയോ അനുവാദം വാങ്ങണമെന്ന് തോന്നിക്കും വിധം നിശ്ചലമായ അന്തരീക്ഷം. അവിടെ നില്‍ക്കുന്ന കൂട്ടത്തില്‍ ആ സഹോദരിമാരുടെ ഏക ആശ്രയമായിരുന്ന അവരുടെ അമ്മയുടെ അനിയത്തി ബെറ്റിയും ഉണ്ടായിരുന്നു. ഗ്രാമത്തലവന്‍റെ നിര്‍ദേശം അനുസരിച്ച് ഒപ്പം വന്ന അനുയായി വാതിലില്‍ മുട്ടി. സഹോദരിമാരില്‍ മൂത്തയാളായ ഹെലെന ആണ് വന്നു വാതില്‍ തുറന്നത്. പുറത്തെ ആള്‍ക്കൂട്ടം കണ്ടിട്ട് അവര്‍ക്ക് പെട്ടന്നുതന്നെ കാര്യം മനസിലായി. മറ്റുള്ളവര്‍ ചോദിക്കുന്നതിനുമുന്‍പുതന്നെ അവള്‍ അനിയത്തിയായ ലുയീസയെ വിളിച്ചു. രണ്ടുപേരും പുറത്തേക്ക് ഇറങ്ങിനിന്നു. ഇതുകണ്ടുനിന്ന ഗ്രാമത്തലവന്‍ ചോദിച്ചു, "ലുയീസയുടെ ഭര്‍ത്താവ് നാട്ടില്‍ ഇല്ലേ?". ഇതിനു മറുപടി പറഞ്ഞത് ഹെലെന ആയിരുന്നു. ചോദ്യത്തിലെ പരിഹാസസ്വരം മനസിലായ അവള്‍ പറഞ്ഞു, "ഇന്ന് ഈ വീട്ടില്‍ ഞങ്ങളെകൂടാതെ ആരും ഇല്ലെന്നു അറിഞ്ഞിട്ടുതന്നെയല്ലേ വന്നത്."
ഇതുകേട്ട ഗ്രാമവാസികള്‍ മുറുമുറുക്കാനാരംഭിച്ചു. കൂടി നിന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ ഉറക്കെ ആക്രോശിച്ചു, "അമാനുഷികശക്തികള്‍ കയ്യില്‍ ഉള്ള ഈ സഹോദരിമാര്‍ നമ്മുടെ നാടിനു ആപത്താണ്. ഇവരെ എത്രയും പെട്ടന്ന് ശിക്ഷിക്കണം. ഇവരുടെ ശിക്ഷ ഇതുപോലെ ഉള്ള എല്ലാവര്‍ക്കും പാഠം ആകണം."
കൂടിനിന്നവര്‍ ഒക്കെ ആ വാദത്തെ അനുകൂലിച്ചു. അപ്പോള്‍ ഗ്രാമത്തലവന്‍ ഹെലെനയെ സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു. "ഞങ്ങള്‍ വന്നത് എന്തിനാണെന്ന് മനസിലായിക്കാണുമല്ലോ...നിങ്ങള്‍ രണ്ടുപേരും എല്ലാം ഏറ്റുപറയുമെങ്കില്‍ നിങ്ങള്‍ രണ്ടുപേരുടെ ജീവന്‍ മാത്രമേ നഷ്ടപ്പെടൂ. അല്ലെങ്കില്‍ നിങ്ങളുടെ ബന്ധുക്കളായ എല്ലാവര്‍ക്കും അപകടമാവും. ആലോചിച്ചിട്ട് തീരുമാനിച്ചാല്‍ മതി. നാളെ ഇതേ സൂര്യാസ്തമായം വരെ നിങ്ങള്‍ക്ക് സമയമുണ്ട്. "
ഇത്രയും പറഞ്ഞശേഷം അയ്യാള്‍ കൂടിനിന്നവരോട് പിരിഞ്ഞുപോകാന്‍ ആംഗ്യം കാണിച്ചു തിരിച്ചുനടക്കാന്‍ തുടങ്ങി. ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയപ്പോള്‍ ബെറ്റിയും ലുയീസയും ഹെലനയും വീടിനകത്തേക്ക് കയറി. ആ ഇരുണ്ടമുറിയില്‍ ആ മൂന്നുപേരും ഒന്നും പറയാനാകാതെ കുറച്ചുനേരം ഇരുന്നു. ഇരുട്ടുക്കൂടിവന്നപ്പോള്‍ മേശക്കുമുകളില്‍ ഇരുന്ന പാതിത്തീര്‍ന്ന മെഴുകുത്തിരി കത്തിച്ചുകൊണ്ട് ബെറ്റി പതുക്കെ പറഞ്ഞുതുടങ്ങി. "നിങ്ങള്‍ രണ്ടുപേരും ചെറുപ്പം ആണ്. ഈ കുടുംബം ആയി ആകെ ബന്ധം ഉള്ള ഏക ആളാണ് ഞാന്‍. നിങ്ങള്‍ രണ്ടുപേരും രക്ഷപെടാനായി എന്‍റെ ജീവന്‍ കൊടുക്കാനും എനിക്കൊരു പ്രശ്നം ഇല്ല. അതുകൊണ്ട് ഇന്നുരാത്രി തന്നെ ഇവിടെ നിന്ന് രക്ഷപെടാന്‍ നിങ്ങള്‍ ഒരുങ്ങിക്കോ ..." ഇതുകേട്ട് ലുയീസ തലകുനിച്ചു പിടിച്ചു പറഞ്ഞു. "അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചുപോയ ഞങ്ങള്‍ക്കുവേണ്ടിയല്ലേ ഇത്രയുംകാലം ആന്റി ജീവിച്ചത്. ഇനി ഞങ്ങള്‍ക്കുവേണ്ടി മരിക്കാനോ?...അതിനു ഞങ്ങള്‍ സമ്മതിക്കുമെന്ന് എങ്ങനെ തോന്നി?...പറ്റില്ല!!!"
"ആന്റി പറഞ്ഞത് ശരിയാണ്. പക്ഷെ രണ്ടുപേരും കൂടി രക്ഷപ്പെട്ടാല്‍ എന്തായാലും പിടിക്കപെടും. അതുകൊണ്ട് ലുയീസ മാത്രം പോകുന്നതാവും നല്ലത്. ഈ ഗ്രാമത്തിലെ ആളുകളുടെ ഭ്രാന്തിന് ഒന്നും അറിയാത്ത ലുയീസയുടെ കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ പറ്റില്ല." ഹെലെന ഉറച്ചസ്വരത്തില്‍ പറഞ്ഞുനിര്‍ത്തി. ഇതുകേട്ട ലുയീസയും ബെറ്റിയും ഞെട്ടി. നഗ്നനേത്രങ്ങള്‍ കൊണ്ടുക്കാണാന്‍പറ്റാത്ത പലതും കാണാന്‍ കഴിവുള്ളവളായിരുന്നു ഹെലെന. ലുയീസക്ക് അപ്പോള്‍ ആഹ്ളാദിക്കണോ കരയണോ എന്നറിയാതെ കണ്ണു നിറഞ്ഞു. ഹെലന വീണ്ടും പറഞ്ഞു തുടങ്ങി. "നമ്മുടെ കുടുംബത്തിലെ ഏറ്റവും ശക്തയാണ് ജനിക്കാന്‍ പോകുന്നവള്‍. അവളെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. അതുകൊണ്ട് ലുയീസ യാത്രക്ക് തയ്യലായിക്കോളൂ..."
ബെറ്റിക്ക് ഇതിനോട് എതിര്‍പ്പൊന്നും ഉണ്ടായില്ല. അവള്‍ അപ്പോഴേക്കും യാത്രക്കുവേണ്ട സാധനങ്ങള്‍ എല്ലാം എടുത്തുവക്കാന്‍ അകത്തെ മുറിയിലേക്ക് പോയി. ലുയീസ ഹെലെനയെ കെട്ടിപിടിച്ചു വിതുമ്പിക്കൊണ്ട് പറഞ്ഞു. "നീയില്ലാതെ എനിക്കു തന്നെ പറ്റില്ല. എന്‍റെ കുഞ്ഞിനും നിന്നെ വേണം. അവളുടെ ശക്തികളെ എങ്ങനെ ഉപയോഗിക്കണം എന്നുപഠിപ്പിക്കാന്‍ നിന്നെക്കാള്‍ നല്ല മറ്റാരും ഇല്ല. നിന്നെ ഇവിടെ ഒറ്റയ്ക്കാക്കി ഞാന്‍ മാത്രം എങ്ങനെ പോകും..."
"ഇതെനിക്ക് ചെയ്തേപറ്റൂ. ഇല്ലെങ്കില്‍ കുഞ്ഞ് സുരക്ഷിതയാവില്ല. നീ എന്നെ വിട്ടു പോയെപറ്റൂ. ഇല്ലെങ്കില്‍ എന്‍റെ ജീവിതത്തിന്‍റെ അര്‍ഥം തന്നെ നഷ്ടപെടും. " ലുയീസയെ പിടിച്ചുനിര്‍ത്തിക്കൊണ്ട് ഹെലെന പറഞ്ഞു.
"എന്നാലും..." നിറകണ്ണുകളോടെ ലുയീസ ഹെലെനയെ നോക്കി.
അവളുടെ കണ്ണുതുടച്ചുകൊണ്ട് ഹെലെന പറഞ്ഞു. " ഇനിയും ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടാകും. നീ അതിനെയെല്ലാം നേരിടുമെന്ന് ഉറപ്പിച്ചുകൊണ്ട് വേണം ഇവിടെ നിന്ന് പുറപ്പെടാന്‍. ഇവിടെ നിന്ന് നിന്‍റെ ഭര്‍ത്താവ് ജോലിയന്വേഷിച്ച് പോയ ആ പട്ടണത്തിലേക്കാണ് നീ ആദ്യം പോകേണ്ടത്. അവിടെ നിന്നെ വിധി നിന്നെ നിന്‍റെ ലക്ഷ്യത്തിലെത്തിക്കും."
ഇതുപറഞ്ഞുതീരുമ്പോഴേക്കും ബെറ്റി സാധനങ്ങളുമായി എത്തി. സാധങ്ങളെല്ലാം കുതിരയുടെ പുറകില്‍ കെട്ടിവച്ചുകൊണ്ടിരിക്കെ ബെറ്റിയും ലുയീസയോടു യാത്ര പറഞ്ഞു. വീടിനു പുറകിലെ വനത്തിലൂടെ പോയാല്‍ മതിയെന്ന് ബെറ്റി ലുയീസയോടായി പറഞ്ഞു. സമയം പാഴാക്കാതെ പുറപ്പെടാന്‍ ഹെലെന പറഞ്ഞു. ലുയീസ കുതിരപുറത്ത് കയ്യറി കുതിരയെ തെളിക്കാന്‍ തുടങ്ങി. വനത്തിലെ ഇരുട്ടിലേക്ക് മറയവേ ലുയീസ ഒന്നുക്കൂടി തിരിഞ്ഞു നോക്കി. അവള്‍ പോകുന്നത് നോക്കിനില്‍ക്കുന്ന ബെറ്റിയുടെയും ഹെലെനയുടെയും കണ്ണില്‍ നിന്നു കണ്ണുനീര്‍ പൊടിയുന്നത് കണ്ടതോടെ ലുയീസ മുഖം തിരിച്ചു. അതികം വൈകാതെ തന്നെ ലുയീസയും കുതിരയും ആ ഇരുട്ടില്‍ മറഞ്ഞു.
No comments:
Post a Comment