Thursday, 1 October 2020

ഇതുവരെ പേരിടാത്ത ഒരു കഥ ഇവിടെ തുടങ്ങുകയാണ് ...

 അദ്ധ്യായം 1

 ആയിരത്തിഎഴുന്നൂറുകളുടെ തുടക്കം. അമാനുഷിക ശക്തികള്‍ കൈവശം ഉണ്ടെന്നുള്ള സംശയത്തിന്‍റെ നിഴലില്‍ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളെ വിചാരണ ചെയ്ത് ശിക്ഷിച്ചിരുന്നത് ചരിത്രത്തിന്‍റെ ഭാഗമായിരുന്ന കാലം. 

 പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഒരു ചെറിയ ഗ്രാമം.

 പ്രകൃതി മുഴുവനും നിദ്രയിലേക്കാണ്ട് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന സമയം. ജീവജാലങ്ങള്‍ മുഴുവനും അവരുടെ വീടുകളിലേക്ക് തിരികെപോകുന്നു. ഗ്രാമത്തില്‍ നിന്നുമാറി താമസിക്കുന്ന രണ്ടു സഹോദരിമാരുടെ ഗൃഹത്തിന് മുന്നില്‍ ഗ്രാമത്തലവനും ഒരുപറ്റം നാട്ടുകാരും വന്നുനില്‍ക്കുന്നു. അന്തരീക്ഷം അവരുടെയെല്ലാം മുഖം പോലെതന്നെ കനത്തുനില്‍ക്കുന്നു. കാറ്റിനുപോലും ഒന്നുവീശാന്‍ ആരോടൊക്കെയോ അനുവാദം വാങ്ങണമെന്ന് തോന്നിക്കും വിധം നിശ്ചലമായ അന്തരീക്ഷം. അവിടെ നില്‍ക്കുന്ന കൂട്ടത്തില്‍ ആ സഹോദരിമാരുടെ ഏക ആശ്രയമായിരുന്ന അവരുടെ അമ്മയുടെ അനിയത്തി ബെറ്റിയും ഉണ്ടായിരുന്നു. ഗ്രാമത്തലവന്‍റെ നിര്‍ദേശം അനുസരിച്ച് ഒപ്പം വന്ന അനുയായി വാതിലില്‍ മുട്ടി. സഹോദരിമാരില്‍ മൂത്തയാളായ ഹെലെന ആണ് വന്നു വാതില്‍ തുറന്നത്. പുറത്തെ ആള്‍ക്കൂട്ടം കണ്ടിട്ട് അവര്‍ക്ക് പെട്ടന്നുതന്നെ കാര്യം മനസിലായി. മറ്റുള്ളവര്‍ ചോദിക്കുന്നതിനുമുന്‍പുതന്നെ അവള്‍ അനിയത്തിയായ ലുയീസയെ വിളിച്ചു. രണ്ടുപേരും പുറത്തേക്ക് ഇറങ്ങിനിന്നു. ഇതുകണ്ടുനിന്ന ഗ്രാമത്തലവന്‍ ചോദിച്ചു, "ലുയീസയുടെ ഭര്‍ത്താവ് നാട്ടില്‍ ഇല്ലേ?". ഇതിനു മറുപടി പറഞ്ഞത് ഹെലെന ആയിരുന്നു. ചോദ്യത്തിലെ പരിഹാസസ്വരം മനസിലായ അവള്‍ പറഞ്ഞു, "ഇന്ന് ഈ വീട്ടില്‍ ഞങ്ങളെകൂടാതെ ആരും ഇല്ലെന്നു അറിഞ്ഞിട്ടുതന്നെയല്ലേ വന്നത്." 

 ഇതുകേട്ട ഗ്രാമവാസികള്‍ മുറുമുറുക്കാനാരംഭിച്ചു. കൂടി നിന്നവരുടെ കൂട്ടത്തില്‍ ഒരാള്‍ ഉറക്കെ ആക്രോശിച്ചു, "അമാനുഷികശക്തികള്‍ കയ്യില്‍ ഉള്ള ഈ സഹോദരിമാര്‍ നമ്മുടെ നാടിനു ആപത്താണ്. ഇവരെ എത്രയും പെട്ടന്ന് ശിക്ഷിക്കണം. ഇവരുടെ ശിക്ഷ ഇതുപോലെ ഉള്ള എല്ലാവര്‍ക്കും പാഠം ആകണം."

 കൂടിനിന്നവര്‍ ഒക്കെ ആ വാദത്തെ അനുകൂലിച്ചു. അപ്പോള്‍ ഗ്രാമത്തലവന്‍ ഹെലെനയെ സൂക്ഷിച്ചുനോക്കിക്കൊണ്ട് പറഞ്ഞു. "ഞങ്ങള്‍ വന്നത് എന്തിനാണെന്ന് മനസിലായിക്കാണുമല്ലോ...നിങ്ങള്‍ രണ്ടുപേരും എല്ലാം ഏറ്റുപറയുമെങ്കില്‍ നിങ്ങള്‍ രണ്ടുപേരുടെ ജീവന്‍ മാത്രമേ നഷ്ടപ്പെടൂ. അല്ലെങ്കില്‍ നിങ്ങളുടെ ബന്ധുക്കളായ എല്ലാവര്‍ക്കും അപകടമാവും. ആലോചിച്ചിട്ട് തീരുമാനിച്ചാല്‍ മതി. നാളെ ഇതേ സൂര്യാസ്തമായം വരെ നിങ്ങള്‍ക്ക് സമയമുണ്ട്. " 

 ഇത്രയും പറഞ്ഞശേഷം അയ്യാള്‍ കൂടിനിന്നവരോട് പിരിഞ്ഞുപോകാന്‍ ആംഗ്യം കാണിച്ചു തിരിച്ചുനടക്കാന്‍ തുടങ്ങി. ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയപ്പോള്‍ ബെറ്റിയും ലുയീസയും ഹെലനയും വീടിനകത്തേക്ക് കയറി. ആ ഇരുണ്ടമുറിയില്‍ ആ മൂന്നുപേരും ഒന്നും പറയാനാകാതെ കുറച്ചുനേരം ഇരുന്നു. ഇരുട്ടുക്കൂടിവന്നപ്പോള്‍ മേശക്കുമുകളില്‍ ഇരുന്ന പാതിത്തീര്‍ന്ന മെഴുകുത്തിരി കത്തിച്ചുകൊണ്ട് ബെറ്റി പതുക്കെ പറഞ്ഞുതുടങ്ങി. "നിങ്ങള്‍ രണ്ടുപേരും ചെറുപ്പം ആണ്. ഈ കുടുംബം ആയി ആകെ ബന്ധം ഉള്ള ഏക ആളാണ്‌ ഞാന്‍. നിങ്ങള്‍ രണ്ടുപേരും രക്ഷപെടാനായി എന്‍റെ ജീവന്‍ കൊടുക്കാനും എനിക്കൊരു പ്രശ്നം ഇല്ല. അതുകൊണ്ട് ഇന്നുരാത്രി തന്നെ ഇവിടെ നിന്ന് രക്ഷപെടാന്‍ നിങ്ങള്‍ ഒരുങ്ങിക്കോ ..." ഇതുകേട്ട് ലുയീസ തലകുനിച്ചു പിടിച്ചു പറഞ്ഞു. "അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചുപോയ ഞങ്ങള്‍ക്കുവേണ്ടിയല്ലേ ഇത്രയുംകാലം ആന്റി ജീവിച്ചത്. ഇനി ഞങ്ങള്‍ക്കുവേണ്ടി മരിക്കാനോ?...അതിനു ഞങ്ങള്‍ സമ്മതിക്കുമെന്ന് എങ്ങനെ തോന്നി?...പറ്റില്ല!!!"

 "ആന്റി പറഞ്ഞത് ശരിയാണ്. പക്ഷെ രണ്ടുപേരും കൂടി രക്ഷപ്പെട്ടാല്‍ എന്തായാലും പിടിക്കപെടും. അതുകൊണ്ട് ലുയീസ മാത്രം പോകുന്നതാവും നല്ലത്. ഈ ഗ്രാമത്തിലെ ആളുകളുടെ ഭ്രാന്തിന് ഒന്നും അറിയാത്ത ലുയീസയുടെ കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ പറ്റില്ല." ഹെലെന ഉറച്ചസ്വരത്തില്‍ പറഞ്ഞുനിര്‍ത്തി. ഇതുകേട്ട ലുയീസയും ബെറ്റിയും ഞെട്ടി. നഗ്നനേത്രങ്ങള്‍ കൊണ്ടുക്കാണാന്‍പറ്റാത്ത പലതും കാണാന്‍ കഴിവുള്ളവളായിരുന്നു ഹെലെന. ലുയീസക്ക് അപ്പോള്‍ ആഹ്ളാദിക്കണോ കരയണോ എന്നറിയാതെ കണ്ണു നിറഞ്ഞു. ഹെലന വീണ്ടും പറഞ്ഞു തുടങ്ങി. "നമ്മുടെ കുടുംബത്തിലെ ഏറ്റവും ശക്തയാണ് ജനിക്കാന്‍ പോകുന്നവള്‍. അവളെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണ്. അതുകൊണ്ട് ലുയീസ യാത്രക്ക് തയ്യലായിക്കോളൂ..."

 ബെറ്റിക്ക് ഇതിനോട് എതിര്‍പ്പൊന്നും ഉണ്ടായില്ല. അവള്‍ അപ്പോഴേക്കും യാത്രക്കുവേണ്ട സാധനങ്ങള്‍ എല്ലാം എടുത്തുവക്കാന്‍ അകത്തെ മുറിയിലേക്ക് പോയി.   ലുയീസ ഹെലെനയെ കെട്ടിപിടിച്ചു വിതുമ്പിക്കൊണ്ട് പറഞ്ഞു. "നീയില്ലാതെ എനിക്കു തന്നെ പറ്റില്ല. എന്‍റെ കുഞ്ഞിനും നിന്നെ വേണം. അവളുടെ ശക്തികളെ എങ്ങനെ ഉപയോഗിക്കണം എന്നുപഠിപ്പിക്കാന്‍ നിന്നെക്കാള്‍ നല്ല മറ്റാരും ഇല്ല. നിന്നെ ഇവിടെ ഒറ്റയ്ക്കാക്കി ഞാന്‍ മാത്രം എങ്ങനെ പോകും..."

 "ഇതെനിക്ക് ചെയ്തേപറ്റൂ. ഇല്ലെങ്കില്‍ കുഞ്ഞ് സുരക്ഷിതയാവില്ല. നീ എന്നെ വിട്ടു പോയെപറ്റൂ. ഇല്ലെങ്കില്‍ എന്‍റെ ജീവിതത്തിന്‍റെ അര്‍ഥം തന്നെ നഷ്ടപെടും. " ലുയീസയെ പിടിച്ചുനിര്‍ത്തിക്കൊണ്ട് ഹെലെന പറഞ്ഞു. 

 "എന്നാലും..." നിറകണ്ണുകളോടെ ലുയീസ ഹെലെനയെ നോക്കി. 

 അവളുടെ കണ്ണുതുടച്ചുകൊണ്ട് ഹെലെന  പറഞ്ഞു. " ഇനിയും ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടാകും. നീ അതിനെയെല്ലാം നേരിടുമെന്ന് ഉറപ്പിച്ചുകൊണ്ട്‌ വേണം ഇവിടെ നിന്ന് പുറപ്പെടാന്‍. ഇവിടെ നിന്ന് നിന്‍റെ ഭര്‍ത്താവ് ജോലിയന്വേഷിച്ച് പോയ ആ പട്ടണത്തിലേക്കാണ് നീ ആദ്യം പോകേണ്ടത്. അവിടെ നിന്നെ വിധി നിന്നെ നിന്‍റെ ലക്ഷ്യത്തിലെത്തിക്കും."

 ഇതുപറഞ്ഞുതീരുമ്പോഴേക്കും ബെറ്റി സാധനങ്ങളുമായി എത്തി. സാധങ്ങളെല്ലാം കുതിരയുടെ പുറകില്‍ കെട്ടിവച്ചുകൊണ്ടിരിക്കെ ബെറ്റിയും ലുയീസയോടു യാത്ര പറഞ്ഞു. വീടിനു പുറകിലെ വനത്തിലൂടെ പോയാല്‍ മതിയെന്ന് ബെറ്റി ലുയീസയോടായി പറഞ്ഞു. സമയം പാഴാക്കാതെ പുറപ്പെടാന്‍ ഹെലെന പറഞ്ഞു. ലുയീസ കുതിരപുറത്ത് കയ്യറി കുതിരയെ തെളിക്കാന്‍ തുടങ്ങി. വനത്തിലെ ഇരുട്ടിലേക്ക് മറയവേ ലുയീസ ഒന്നുക്കൂടി തിരിഞ്ഞു നോക്കി. അവള്‍ പോകുന്നത് നോക്കിനില്‍ക്കുന്ന ബെറ്റിയുടെയും ഹെലെനയുടെയും കണ്ണില്‍ നിന്നു കണ്ണുനീര്‍ പൊടിയുന്നത് കണ്ടതോടെ ലുയീസ മുഖം തിരിച്ചു. അതികം വൈകാതെ തന്നെ ലുയീസയും കുതിരയും ആ ഇരുട്ടില്‍ മറഞ്ഞു.  

Thursday, 30 May 2019

ഒരു ചെറുകഥ


ഇതൊരു കൂട്ടം മനുഷ്യരുടെ കഥയാണ് . ഇത് നടക്കുന്നത് അല്ലെങ്കില്‍ നടന്നത് ഞാന്‍ സൃഷ്‌ടിച്ച എന്‍റെ സാങ്കല്പിക ദേശത്താണ് . ഈ കഥയ്ക്ക് ഒരു അടിസ്ഥാനമില്ലെന്നു നിങ്ങളില്‍ ചിലര്‍ക്ക് തോന്നാം . പക്ഷെ എന്‍റെ അഭിപ്രായത്തില്‍ ചായം പൂശിയ യാഥാര്‍ത്ഥ്യങ്ങളാണ് സങ്കല്‍പ്പങ്ങള്‍ . അതുകൊണ്ടുതന്നെ ഈ കഥയിലും ഒരു യാഥാര്‍ത്ഥ്യമുണ്ട് .

ഒരിടത്ത് ഒരു ദേശം ഉണ്ടായിരുന്നു അവിടെ ഒരു അപ്രക്യാപിത നിയമവും ഉണ്ടായിരുന്നു . ആ ദേശത്തില്‍ വൃദ്ധരായവര്‍ക്കല്ലാതെ മുകളില്‍ ആകാശത്തേക്ക് നോക്കിയിരുന്നില്ല . അവിടെയുള്ളവര്‍ വിശ്വസിച്ചിരുന്നത് മതിയായ പരിജ്ഞാനം ഇല്ലാതെ ആകാശത്തേക്ക് നോക്കുന്നവര്‍ സ്ഥലകാല ബോധം ഇല്ലാതെ അലഞ്ഞു നടക്കും എന്നാണ് . അതുകൊണ്ടുതന്നെ ആരും ആ സാഹസത്തിനു മുതിര്‍ന്നില്ലെന്നു മാത്രമല്ല പ്രിയപ്പെട്ടവരെ അതില്‍നിന്നു വിലക്കുകയും ചെയ്തിരുന്നു . അവിടെയുള്ളവര്‍ എല്ലാവരും അവരവരുടെ ദിനചര്യകളില്‍ മുഴുകികൊണ്ടിരുന്നു മറ്റൊന്നിനെകുറിച്ചും ആലോചിക്കുകപോലും ചെയ്യാതെ . ഒരിക്കല്‍ ഒരു കുട്ടി തന്‍റെ മുത്തച്ഛന്‍ ആകാശത്തിലേക്ക് നോക്കുന്നത് കണ്ടിട്ട് ആകാംഷ സഹിക്കവയ്യാതെ ചോദിച്ചു അവിടെ എന്താണ് മുത്തച്ഛന്‍ കാണുന്നതെന്ന് . മുത്തച്ഛന്‍ ആ കുട്ടിയോട് പറഞ്ഞു ‘ നീ ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്തോ അത് നിനക്ക് അവിടെ കാണാം ‘ . ഇതുകേട്ട് വിസ്മയഭരിതനായ കുട്ടി തല ഉയര്‍ത്തിയാലോ എന്ന് ഒരുനിമിഷം ആലോചിച്ചു . പക്ഷേ ആ ആലോചന പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് മുത്തച്ഛന്‍ പറഞ്ഞു ‘ ഈ പ്രായത്തില്‍ നീ ഇതിനു തുനിഞ്ഞാല്‍ അറിഞ്ഞുകൊണ്ട് ആപത്ത് വിളിച്ചുവരുത്തുന്നതിനു തുല്യം ആണെന്നു ‘ . ആകെ നിരാശനായ കുട്ടി വീട്ടില്‍ നിന്ന് കളിക്കാനായി പുറത്തേക്കോടി . മൈതാനത്തേക്ക് നടക്കവേ അവന് പെട്ടന്നൊരു ആശയം തോന്നി . പെട്ടന്ന് അവന്‍ ആരും പോകാത്ത ഒരു കാട്ടുപ്രദേശത്തേക്ക് പാഞ്ഞു . അവിടെ മരങ്ങള്‍ കുറവുള്ള ഒരു സ്ഥലത്ത് നിന്ന് അവന്‍ മുകളിലേക്ക് നോക്കി . ആകാശത്തേക്ക് . ഇളം നീല നിറമുള്ള ആകാശം കണ്ട അവന്‍ തുള്ളിച്ചാടി . അവന് അവന്‍റെ ഉള്ളില്‍ ഉറങ്ങികിടന്ന ഏതോ ഒരു കോണില്‍ പ്രകാശം നിറയുന്നത് അവനു അറിയാന്‍ സാധിച്ചു . വളരെ സന്തോഷത്തോടെയാണ് അന്നു വൈകിട്ട് അവന്‍ വീട്ടിലേക്ക് തിരിച്ചുപോയത് . അന്നുരാത്രി അവന്‍റെ മനസ്സില്‍  ചിന്തകളുടെ കുത്തൊഴുക്കായിരുന്നു . അവന്‍റെ ഏറ്റവും വലിയ ആലോചന എങ്ങനെ അവന്‍ കണ്ട കാഴ്ച കുറച്ചുകൂടി അടുത്ത് കാണുമെന്നായിരുന്നു . ആലോചനകള്‍ക്കൊടുവില്‍ അവനൊരുപായം കണ്ടുപിടിച്ചു . ഗ്രാമത്തിനു പുറത്ത് കുറച്ചു നീങ്ങി ഒരു ചെറിയ കുന്നുണ്ട് . ആ കുന്നിന്മുകളില്‍ പോയാല്‍ ഒന്നുകൂടി അടുത്ത് കാണാം എന്ന് അവനു തോന്നി . അങ്ങനെ പിറ്റേന്ന് കളിക്കാനെന്ന വ്യാജേന അവന്‍ വീടിനു പുറത്തേക്ക് ഇറങ്ങി . അവന്‍ ലക്ഷ്യസ്ഥാനം മനസ്സില്‍ കണ്ട് നടന്നു . അതികം വൈകാതെ തന്നെ അവന്‍ അവിടെ എത്തിച്ചേര്‍ന്നു . ആ കുന്നിലെ പുല്‍ത്തകിടിയില്‍ അവന്‍ നിവര്‍ന്നു കിടന്നു . ആകാശത്തെ കാഴ്ചകള്‍ അവനു അവിസ്മരനീയമായിരുന്നു . ഏറെനേരം അവിടെ ചിലവഴിച്ചശേഷം അവന്‍ വീടിലേക്ക് തിരികെപോയി . അവന്‍ ആകാശനിരീക്ഷണം ഒരു ദിനചര്യയാക്കി . അവന്‍റെ വീട്ടിലുള്ളവര്‍ക്ക് അവന്‍റെ സ്വഭാവത്തിലെ മാറ്റങ്ങള്‍ സംശയം സൃഷ്ടിച്ചു . അവന്‍റെ കൂട്ടുകാര്‍ക്ക് അവന്‍റെ അഭാവം അത്ഭുതമായിരുന്നു . ഒരുദിവസം അവന്‍ പതിവുപോലെ വീട്ടില്‍ നിന്നിറങ്ങി . അവന്‍റെ മാറ്റം മനസിലാക്കിയ അവന്‍റെ അമ്മ അവനെ പിന്തുടര്‍ന്നു . അവന്‍റെ പ്രവര്‍ത്തി കണ്ട് അവന്‍റെ അമ്മ നടുങ്ങി പോയി . അവര്‍ അപ്പോള്‍ തന്നെ മകനെപിടിച്ചു വിലക്കി . പക്ഷേ കുട്ടി പറഞ്ഞ മറുപടി അമ്മയെ ഞെട്ടിച്ചുകളഞ്ഞു . അവന്‍ ഇങ്ങനെ പറഞ്ഞു ‘ നാം സൗന്ദര്യത്തെപ്പറ്റി ബോധവാന്മാരകുന്നത് ഭൂമിയെക്കാണുപ്പോഴാണ് . പക്ഷെ സ്വപ്നം കാണാന്‍ പഠിക്കണമെങ്കില്‍ ആകാശത്തിലെ കാഴ്ചകള്‍ കാണണം ‘ . കുട്ടിയുടെ ഉത്തരം കേട്ട അമ്മ സ്തബ്ധയായി . അവനെ വീട്ടിലേക്ക് അപ്പോള്‍ തന്നെ അമ്മ വിളിച്ചുകൊണ്ടുപോന്നു . അന്നുരാത്രി അമ്മയ്ക്കും ഉറക്കം നഷ്ടപ്പെട്ടു . ഭാര്യയുടെ സ്വഭാവത്തിലെ വ്യത്യാസം മനസിലാക്കിയ ഭര്‍ത്താവ് കാരണം തിരക്കി . ഭാര്യ എല്ലാം തുറന്നുപറഞ്ഞു . ഇതെല്ലാം കേട്ട അയ്യാള്‍ അപ്പോള്‍ത്തന്നെ മകനെ വിളിച്ചുണര്‍ത്തി കാര്യം തിരക്കി  . അവന്‍ നല്‍കിയ ആകാശത്തിന്‍റെ വിവരണം അവരുടെ ഉള്ളില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉണര്‍ത്തി . രാത്രിയിലെ വീട്ടിലെ ബഹളം കേട്ട മുത്തച്ഛന്‍ അവര്‍ സംസാരിക്കുന്ന ഇടത്തേക്ക് വന്നു . സംസാരം കേട്ട മുത്തച്ഛന്‍ പറഞ്ഞു ‘ കുട്ടി നീ പറഞ്ഞതൊക്കെ ശരിയാണ് . എനിക്ക് കുറച്ചുകൂടി ആരോഗ്യം ഉണ്ടായിരുന്ന സമയത്താണ് എനിക്ക് സ്വപ്നങ്ങളെല്ലാം കാണാന്‍ കഴിഞ്ഞിരുന്നതെങ്കില്‍ ആ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍  ഞാന്‍ ശ്രമിച്ചേനെ ‘ . പിറ്റേന്ന് പകല്‍ ആ കുടുംബം ഈ കാര്യങ്ങള്‍ എല്ലാം തന്നെ ഗ്രാമീണരോട് തുറന്നുപറഞ്ഞു . ഇത് ആ കുടുംബത്തിനു മാത്രം അല്ല ആ ഗ്രാമത്തിനു തന്നെ പുതിയൊരു മാറ്റത്തിന് തന്നെ തുടക്കം കുറിച്ചു . ചിലര്‍ ആ കുടുംബത്തെ അംഗീകരിച്ചു . മറ്റുചിലര്‍ ഇതിനെതിരെ മുഖം തിരിച്ചു .

ഈ കഥയില്‍ രണ്ടു - മൂന്നു കാര്യങ്ങള്‍ ഞാന്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . ഒന്ന് ,  നമുക്കെല്ലാവര്‍ക്കും സ്വപ്നം കാണാന്‍ സ്വാതന്ത്ര്യം ഉണ്ട് . ഒരു വിശ്വാസങ്ങള്‍ക്കും അതിനെതിരെ പറയാന്‍ ആകില്ല . രണ്ട് , കുടുംബം നമ്മുടെ ഒപ്പം ഉണ്ടെങ്കില്‍ നമുക്ക് അസാധ്യമായത് ഒന്നും ഇല്ല . ആ കുട്ടി പറഞ്ഞത് വിശ്വസിക്കാന്‍ ആ കുടുംബം തയ്യാറായില്ലെങ്കില്‍ അവനെയും മറ്റുള്ളവര്‍ ഭ്രാന്തരുടെ കൂട്ടത്തില്‍പെടുത്തിയേനെ , പക്ഷെ അവന്‍റെ ഒപ്പം അവന്‍റെ കുടുംബം ഉണ്ടായിരുന്നു . അതായിരുന്നു അവന്‍റെ ശക്തി . മൂന്ന് , എപ്പോഴും നല്ല മാറ്റങ്ങളെ ഉള്‍കൊള്ളാനുള്ള നല്ല മനസ് എപ്പോഴും ഒരു മുതല്‍ക്കൂട്ടാവും .

Sunday, 31 December 2017

ജീവിതം എന്ന പുസ്തകത്തിലെ ഒരു അദ്ധ്യായം കൂടി ഇവിടെ തീരുകയാണ് . പല ഓര്‍മകള്‍ക്കൊണ്ട് എനിക്ക് ഈ വര്ഷം വളരെ വിലയേറിയതായിരുന്നു . ചിലതെന്നെ സന്തോഷം കൊണ്ട് വീര്‍പുമുട്ടിച്ചപ്പോള്‍ ചിലത് എന്നെ വേദനയില്‍ മുക്കികളഞ്ഞു . പലപ്പോഴും എന്‍റെ ചിന്തകള്‍ എന്നെ സംശയത്തിന്റെ ആരണ്യത്തിലെത്തിച്ചു . ജീവിതത്തിനു ഒരു ലക്ഷ്യം വേണമെന്ന് അതികഠിനമായി ആഗ്രഹിച്ച ദിനങ്ങള്‍ . അങ്ങനെ പല ദിനങ്ങളും കടന്നു പോയി . പക്ഷെ ഈ കഴിഞ്ഞ വര്‍ഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ മനസ്സില്‍ ആകെ ഒരു ശൂന്യതയാണ് . ഇനി എന്ത് എന്ന് മാത്രമാണ് ഇപ്പോള്‍ മനസ്സ് ചോദിക്കുന്നത് . ഇപ്പോള്‍ ഈ നിമിഷം ഞാന്‍ പ്രത്യാശിക്കുകയാണ് ഇനി ഒരിക്കലും ആ ചോദ്യം എന്‍റെ മനസ്സില്‍ ഉയര്‍ന്നു കേള്‍ക്കല്ലേ എന്ന് . അതിനായി പുത്തന്‍ പ്രതീക്ഷകളുമായി ഞാന്‍ വരവേല്‍ക്കുന്നു നിങ്ങള്‍ക്കൊപ്പം ഈ പുതുവല്‍സരത്തെ . ..........

Saturday, 9 September 2017

ഞാന്‍ ഒരു പെണ്‍കുട്ടി ആണ്.പക്ഷെ മറ്റുള്ളവരെ അപേക്ഷിച് എനിക്ക് പല വ്യത്യാസങ്ങളുണ്ട്.നിങ്ങള്‍ ആരും തെറ്റിദ്ധരിക്കേണ്ട.മാനസികമായി എനിക്കുള്ള വ്യത്യാസങ്ങളെ കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്.എനിക്കൊരു വിശ്വാസം ഉണ്ട്. എന്റെ പ്രാര്‍ത്ഥന ദൈവം പെട്ടന്ന് കേള്‍ക്കുന്നതായി.അതിനൊരു കാരണം ഉണ്ട്.ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് അത് എന്തായാലും അതിനുള്ള മറുപടി എനിക്ക് വളരെപ്പെട്ടന്ന് ലഭിക്കാറുണ്ട്.നിങ്ങളില്‍ ചിലരെങ്കിലും  ഞാന്‍ ഒരു അമാനുഷികത ആണ് പറയുന്നതെന്ന് ചിന്തിച്ചേക്കാം.എനിക്ക് അങ്ങനെ അമാനുഷികശക്തി ഒന്നും ഇല്ല.പക്ഷെ എനിക്കൊരു കഴിവുണ്ട്.നമുക്കെല്ലാവര്‍ക്കും ആവശ്യം ആയ ഒരു കഴിവ്.ഞാനും എന്റെ ദൈവവും തമ്മില്‍ ഒരു പാലം ഉണ്ടെന്നു വേണമെങ്കില്‍ പറയാം.ആ പാലത്തിലൂടെ എനിക്ക് ദൈവത്തോടും ദൈവതിനെന്നോടും സംസാരിക്കാന്‍ കഴിയുന്നുണ്ട്.പലരുംകരുതാറുണ്ട് "ഞാന്‍ ഇത്രയൊക്കെ പ്രാര്‍ഥിച്ചിട്ടും എന്റെ ഈശ്വരന്‍ എന്തുകൊണ്ട് എനിക്ക് മറുപടി തരുന്നില്ലെന്ന്." പക്ഷെ അത് അങ്ങനെ അല്ല ആ ശക്തി നമ്മോട് സംസാരിക്കുന്നുണ്ട്.പക്ഷെ അത് നമുക്ക് മനസിലാകുന്നില്ലെന്നു മാത്രം .അല്ലെങ്കില്‍ നമ്മള്‍ ആ സൂചന ശ്രദ്ധിക്കുന്നില്ല . ആ സൂചന മനസിലാക്കാനുള്ള അകക്കണ്ണ് നമുക്ക് ഇപ്പോഴും ഉണ്ടാകണം.ഇത് ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലും ഒരു നിര്‍ണായക സ്ഥാനം വഹിചേക്കാം.
                                                    ഞാന്‍ എന്റെ ദൈവത്തെ കുറിച്ച് പുകഴ്ത്തി പറയാനോ അല്ലെങ്കില്‍ ദൈവം എന്നൊരു വസ്തുത ഇല്ല എന്ന് പറയുന്നവരോട് അത് തെറ്റാണു എന്ന് സ്ഥാപിക്കാനോ അല്ല ശ്രമിക്കുന്നത്.മറിച് നമ്മുടെ ജീവിതത്തില്‍ അങ്ങനെ ഒരു പോസിറ്റീവ് എനര്‍ജി അല്ലെങ്കില്‍ ഒരു വെളിച്ചം നമുക്ക് നമ്മുടെ ഈ ജീവിതത്തില്‍ വേണം .ഇതായിരികണം നമ്മുടെ വഴിക്കാട്ടി. ലോകം എന്ന ഇരുള്‍ നിറഞ്ഞ വഴിയിലെ വഴികാട്ടി.
                                     

Thursday, 30 March 2017

അങ്ങനെ ഒരു പോരാട്ടം കഴിഞ്ഞു.ഇനി വിജയമാണോ തോല്‍വി ആണോ എന്നുമാത്രമേ അറിയാനുള്ളൂ.ഇപ്പോള്‍ പലരും എന്നോട് ചോദിക്കുന്നു ഞാന്‍ ഏത് കോഴ്സ് ആണ് ചെയ്യാന്‍ പോകുന്നതെന്ന്.അതിനെല്ലാവര്‍ക്കും ഉള്ള മറുപടി ആണ് എന്റെ ഈ പോസ്റ്റ്‌.ഞാന്‍ ഇപ്പോള്‍ തന്നെ ഒരുപാട് കണ്‍ഫ്യൂഷനില്‍ ആണ്.ഇനി നിങ്ങള്‍ ആയി അതിന്റെ ആക്കം കൂട്ടാന്‍ ശ്രമിക്കരുത്.
                                           ഞാന്‍ ഒരു കാര്യം ഇപ്പോള്‍ പബ്ലിഷ് ചെയ്യാന്‍ ആഗ്രഹിക്കുകയാണ്.ഞാന്‍ ഒരു പുസ്തകം എഴുതാന്‍ പോകുകയാണ്.അതെപ്പോള്‍ പൂര്‍ത്തിയാകും എന്നെനിക്ക് പറയാന്‍ കഴിയില്ല.എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു.

Saturday, 4 February 2017

ഞാന്‍ ഒരു ചെറിയ ഇടവേള എടുക്കാമെന്നു കരുതിയാണ് കഴിഞ്ഞ മാസം  ഒന്നും പോസ്റ്റ്‌ ചെയ്യാതിരുന്നത് ..മാത്രമല്ല ഈ മാസവും ഞാന്‍ ഒന്നും പോസ്റ്റ്‌ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ല.....എന്റെ പരീക്ഷകള്‍ കഴിയുന്നത് വരെ ഒരു ഇടവേള എടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചതാണ്‌....പക്ഷെ ഇന്ന് ഞാന്‍ നടത്തിയ ഒരു യാത്രയാണ് ഈ പോസ്റ്റ്‌ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത് .......സാധാരണ ഞാന്‍ പലതും പോസ്റ്റ്‌ ചെയ്യുന്നത് എന്റെ ആ സമയത്തെ മനസിനെ ആശ്രയിച്ചാണ്‌ ..എന്നാല്‍ ആദ്യമായി ഇന്ന് ഞാന്‍ ഒരു പോസ്റ്റ്‌ മനസ്സില്‍ മുന്പേ കുറിച്ചിട്ട് എഴുതുകയാണ് ......
                        നമ്മുടെ ജീവിതത്തിലെ നേട്ടങ്ങളും നഷ്ടങ്ങളും എന്താണ് ???????അപ്പോള്‍ എന്നെപോലെ തന്നെ നിങ്ങള്‍ക്കും ഒരു പട്ടിക തന്നെ വിശദീകരിക്കാന്‍ ഉണ്ടാകും....എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതൊരു നേട്ടമോ നഷ്ടമോ ആണോ??? അല്ല എന്ന് ഞാന്‍ എന്റെ ഇന്നത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയും..
ഇന്ന് ഞാന്‍ ബസ്സില്‍ കയറിയപ്പോള്‍ ഒരു മധ്യവയസ്കയും മകനും കയറി ..മകന് കണ്ടപ്പോള്‍ മനസിലായത് ബുദ്ധി വളര്‍ച്ച കുറവാണെന്നാണ്....അവര്‍ കയറി വന്നപ്പോള്‍ ഞാന്‍ ഒരു സീറ്റില്‍ ഇരിക്കുകയായിരുന്നു.അവരെ കണ്ടപാടെ ഒരു യുവതിയും പ്രായമായ മറ്റൊരു സ്ത്രീയും അവരുടെ സീറ്റ്‌ അവര്‍ക്കായി നല്‍കി..എങ്കിലും ആ സ്ത്രീ മകനെ മാത്രം ഇരുത്തി മറ്റേ സീറ്റ്‌ തനിക്ക് സീറ്റ്‌ തന്ന പ്രായമായ സ്ത്രീക്കും നല്‍കി .അവര്‍ എന്റെ അടുത്താണ് വന്നുനിന്നത്...എന്റെ ബാഗിന്‍റെ ഭാരം കണക്കിലെടുത്ത് അവരുടെ നോട്ടം ഞാന്‍ വകവച്ചിരുന്നില്ല ..എന്നാല്‍ ആ കുറച്ച് കഴിഞ്ഞു ഞാന്‍ ആ സ്ത്രീയെ നോക്കിയപ്പോള്‍ അവര്‍ എന്നെ നോക്കിയ ആ നോട്ടം ഇപ്പോഴും എന്റെ കണ്ണില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല..
                      സ്വന്തം സുഖം ഉപേക്ഷിച്ചു മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ഉപകാരത്തിനു പ്രതിഫലമായി അവരുടെ മുഖത്ത് നിറയുന്ന പുഞ്ചിരി ആണ് നമുക്ക് ഈ ജീവിതത്തില്‍ കിട്ടാവുന്ന ഏടവും വലിയ നേട്ടവും, സമ്പാദ്യവും..
അതുപോലെ അങ്ങനെ ഒരു പുഞ്ചിരി വിടര്‍ത്താന്‍ ലഭിക്കുന്ന അവസരം പാഴാക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം എന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു ........എന്റെ ജീവിതത്തിലെ ഒരു പൊള്ളുന്ന ഓര്‍മയായി അതിന്നാല്‍ തന്നെ ഈ ദിവസം എന്നും അവശേഷിക്കും ......എന്നെ പോലെ നിങ്ങളും ബുധിശൂന്യരാകാതെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തട്ടെ  എന്ന് ഞാന്‍ ആശംസിക്കുന്നു.
                  

Saturday, 31 December 2016

എന്റെ ബ്ലോഗ്‌ വായനക്കാരായ എല്ലാവര്‍ക്കും ആദ്യം തന്നെ ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു ......
എന്റെ ഈ ബ്ലോഗ്‌ തുടങ്ങിയതിനു ശേഷം ഉള്ള ആദ്യത്തെ പുതുവര്‍ഷദിനം ആണ് പടിവാതിലില്‍ എത്തിനില്‍ക്കുന്നത്.അതിന്റേതായ ഒരു ചെറിയ ആകാംക്ഷ എനിക്കുണ്ട്.....പുതിയ ഈ വര്ഷം എന്റെ ജീവിതത്തിലും വായനക്കാരായ നിങ്ങളുടെ ജീവിതത്തിലും എന്തൊക്കെ മാറ്റങ്ങളാണ് വരുത്താന്‍ പോകുന്നതെന്ന് കണ്ടു തന്നെ അറിയണം....എന്നെ സംബന്ധിച്ചിടത്തോളം ഈ വര്ഷം എന്റെ ജീവിതത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു വര്‍ഷമാണ്‌.....ചിലപ്പോള്‍ എന്റെ ജീവിതം തന്നെ മാറിമറിഞ്ഞേക്കാവുന്ന ഒരു വര്ഷം....ഒട്ടേറെ പ്രതീക്ഷകളോടെ ആണ് ഞാന്‍ ഈ വരുന്ന വര്‍ഷത്തെ നോക്കികാണുന്നത്.ജീവിതത്തില്‍ എനിക്ക് ഒട്ടേറെ ദുരനുഭവങ്ങള്‍ സമ്മാനിച്ച വര്ഷം ആണ് കടന്നുപോയത്..ഇനി അങ്ങനെ ഒന്നും തന്നെ എന്റെ ജീവിതത്തില്‍ ഇല്ലാതിരിക്കാന്‍ ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.....എന്നെപോലെ തന്നെ ചിലപ്പോള്‍ നിങ്ങള്‍ക്കും ഒരു വെറുക്കപ്പെട്ട ഒരു വര്ഷം ആയിരിക്കാം കടന്നുപോയത് ...എന്നിരുന്നാലും ശുഭപ്രതീക്ഷയോടുകൂടി നമുക്ക് എല്ലാവര്‍ക്കും ഈ പുത്തന്‍ വര്‍ഷത്തെ വരവേല്‍ക്കാം ......വീണ്ടും നിങ്ങള്‍ എല്ലാവര്‍ക്കും നല്ലൊരു പുതുവര്‍ഷം നേര്‍ന്നുകൊണ്ട് ഞാന്‍ എന്റെ ഈ വര്‍ഷത്തെ അവസാനത്തെ പോസ്റ്റ്‌ നിര്‍ത്തുകയാണ് .......എല്ലാവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയംനിറഞ്ഞ ഊഷ്മളമായ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.....

ഇതുവരെ പേരിടാത്ത ഒരു കഥ ഇവിടെ തുടങ്ങുകയാണ് ...

  അദ്ധ്യായം 1  ആയിരത്തിഎഴുന്നൂറുകളുടെ തുടക്കം. അമാനുഷിക ശക്തികള്‍ കൈവശം ഉണ്ടെന്നുള്ള സംശയത്തിന്‍റെ നിഴലില്‍ ഒറ്റപ്പെട്ടുകഴിയുന്ന സ്ത്രീകളെ വ...